മാലോം: മലയോരഹൈവേയുടെ അശാസ്ത്രീയമായ നിർമാണം മൂലം അപകടങ്ങൾ തുടർക്കഥയാകുകയും നിരവധി പേരുടെ ജീവൻ പൊലിയുകയും ചെയ്തിട്ടും ഉത്തരവാദപ്പെട്ടവർ കാണിക്കുന്ന നിസംഗതയ്ക്കെതിരെ കോൺഗ്രസ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ നാളെ ബഹുജന പങ്കാളിത്തത്തോടെ 24 മണിക്കൂർ ഉപവാസസമരം നടത്തും.
സമരത്തിന് മുന്നോടിയായി ജനകീയ സമരസമിതിയുടെ നേതൃത്വത്തിൽ കാറ്റാംകവലയിൽ അപകട സൂചനാ ബോർഡുകൾ സ്ഥാപിച്ചു.
പറമ്പ റോഡ് ജംഗ്ഷനിൽ നാളെ രാവിലെ 10 മുതൽ ആരംഭിക്കുന്ന സമരത്തിൽ ബളാൽ, വെസ്റ്റ് എളേരി, ഈസ്റ്റ് എളേരി പഞ്ചായത്തുകളിൽ നിന്നുള്ള നേതാക്കളും പ്രവർത്തകരും പങ്കെടുക്കും. കാറ്റാംകവലയിൽ നിന്ന് വള്ളിക്കടവ് ഭാഗത്തേക്കുള്ള ചെങ്കുത്തായ ഇറക്കത്തിൽ മറ്റപ്പള്ളി വളവിലെ റോഡിന് വീതി കൂട്ടി നിർമാണത്തിലെ അപാകതകൾ പരിഹരിക്കുക, വനഭൂമി വിട്ടുകിട്ടിയ ചുള്ളി, മരുതോംതട്ട്, കാറ്റാംകവല ഭാഗങ്ങളിൽ ഹൈവേയുടെ നിർമാണം ഉടൻ ആരംഭിക്കുക, ഈട്ടിത്തട്ട് എസ് വളവിലും അതിന് താഴെയും റോഡ് നിർമാണത്തിലെ അപാകതകൾ പരിഹരിക്കുക, വള്ളിക്കടവിൽ ചൈത്രവാഹിനി പുഴയ്ക്ക് കുറുകെ അനുവദിച്ച പുതിയ പാലത്തിന്റെ പണി എത്രയും വേഗം ആരംഭിക്കുക, മലയോര ഹൈവേയിൽ സ്ഥാപിച്ചിരിക്കുന്ന സൗരോർജവിളക്കുകളെല്ലാം പ്രകാശിപ്പിക്കുന്നതിനുള്ള നടപടി സ്വീകരിക്കുക, ഹൈവേയുടെ പണിപൂർത്തിയായ ഭാഗങ്ങളിൽ റോഡ് മാർക്കിംഗ് നടത്തി സൂചനാ ബോർഡുകൾ സ്ഥാപിക്കുക, റോഡിന്റെ തകർച്ച ഇല്ലാതാക്കാൻ ഇരുവശങ്ങളിലും കോൺക്രീറ്റ് പിച്ചിംഗ് നടത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം നടത്തുന്നത്.
മൂന്ന് പഞ്ചായത്തുകളിലെയും ജനപ്രതിനിധികളും ജില്ല, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളും പ്രവർത്തകരും സമരത്തിൽ പങ്കെടുക്കും. ഡിസിസി പ്രസിഡന്റ് പി.കെ. ഫൈസൽ ഉദ്ഘാടനം ചെയ്യും. കർഷക കോണ്ഗ്രസ് ജില്ലാ പ്രസിഡന്റ് രാജു കട്ടക്കയം അധ്യക്ഷത വഹിക്കും.
പത്രസമ്മേളനത്തിൽ സമരസമിതി ചെയർമാൻ ടോമി പ്ലാച്ചേരി, കൺവീനർ ജോയ് ജോസഫ്, രക്ഷാധികാരി രാജു കട്ടക്കയം, വെസ്റ്റ് എളേരി മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് പ്രമോദ് മക്കാക്കോടൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം എ.വി. ഭാസ്കരൻ, വി.ജെ. അൻഡ്രൂസ് എന്നിവർ പങ്കെടുത്തു.